ഇന്ധനമില്ലാതെ ആകാശത്തേക്ക്: ഇലക്ട്രിക് യാത്രാ വിമാനം വികസിപ്പിച്ചെടുത്ത് ചൈന; ആദ്യ പറക്കൽ വിജയകരം
ചരിത്രത്തിലാദ്യമായി 19 സീറ്റുകളുള്ള ഇലക്ട്രിക് പാസഞ്ചർ വിമാനം അവതരിപ്പിച്ച് ചൈന. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുള്ള 'സിഇ-25എ' (CE-25A) ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. 10 ടണ് ഭാരമുള്ള ഈ വിമാനം ഷാൻഡോങ് പ്രവിശ്യയിൽ നിന്ന് മൂന്ന് ക്രൂ അംഗങ്ങളുമായാണ് നവംബർ 14-ന് ആദ്യ പറക്കൽ നടത്തിയത്.
ആകെ 57 മിനിറ്റും 46 സെക്കൻഡും നീണ്ട പരീക്ഷണത്തിനിടെ വിമാനം 16 മിനിറ്റിലധികം ആകാശത്ത് ചെലവഴിക്കുകയും 60.4 കിലോമീറ്റർ ദൂരം വിജയകരമായി പിന്നിടുകയും ചെയ്തു. വിമാനത്തിന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും യാതൊരു തകരാറുകളുമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിച്ചതായി എൻജിനീയർമാർ വ്യക്തമാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈനയാണ് (COMAC) ഈ വിമാനം വികസിപ്പിച്ചെടുത്തത്. ഒറ്റച്ചാർജിൽ 400 കിലോമീറ്റർ വരെ ദൂരം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് പരമാവധി 2,400 മീറ്റർ ഉയരത്തിൽ പറക്കാനാകും.
ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് ഡക്റ്റഡ്-ഫാൻ പ്രൊപ്പൽഷൻ സിസ്റ്റത്തിലാണ് (Distributed Electric Ducted-Fan Propulsion System) വിമാനം പ്രവർത്തിക്കുന്നത്. വിമാനത്തിന്റെ ചിറകുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് ഫാനുകൾ ബാറ്ററി സിസ്റ്റത്തിൽ നിന്ന് ഊർജം സ്വീകരിച്ചാണ് വിമാനത്തിന് മുന്നോട്ടുനീങ്ങാനുള്ള ത്രസ്റ്റ് (thrust) നൽകുന്നത്. ഫോസിൽ ഫ്യുവലുകളെ ആശ്രയിക്കുന്ന ജെറ്റ് എൻജിനുകൾക്കും ടർബോപ്രോപ്പ് എൻജിനുകൾക്കും പകരമായാണ് ഈ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരീക്ഷണ പറക്കൽ വിജയകരമായതോടെ വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് യാത്രാ വിമാനങ്ങൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന.