'സഹൽ' ആപ്പിൽ 34 പുതിയ സേവനങ്ങൾ കൂട്ടിചേർത്ത് സിവിൽ ഇൻഫർമേഷൻ അതോറിറ്റി
Updated: Oct 7, 2026, 11:29 IST
കുവൈത്തിലെ ഏകീകൃത സർക്കാർ ആപ്പായ 'സഹൽ' (Sahel) വഴി 34 പുതിയ സേവനങ്ങൾ കൂടി ലഭ്യമാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു. ഇതോടെ പൊതുജനങ്ങൾക്ക് അതോറിറ്റി ആസ്ഥാനം നേരിട്ട് സന്ദർശിക്കാതെ തന്നെ സിവിൽ ഐഡി, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സർട്ടിഫിക്കറ്റുകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഓൺലൈൻ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും.
പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ ഇസ്സ അൽ മഹ്മൂദ് വ്യക്തമാക്കി. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി ഓഫീസുകളിൽ നേരിട്ടുള്ള സഹായ കേന്ദ്രങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.