ലൈസൻസില്ലാതെ ക്ലീനിങ് ജോലി; ബഹ്റൈനിൽ വിദേശ വനിതകൾക്ക് പിഴയും നാടുകടത്തലും
തൊഴിൽ അനുമതിയില്ലാതെ മണിക്കൂർ അടിസ്ഥാനത്തിൽ ക്ലീനിങ് ജോലികൾ ചെയ്ത രണ്ട് വിദേശ വനിതകൾക്ക് ബഹ്റൈനിൽ 10 ദീനാർ വീതം പിഴ ചുമത്തുകയും മൂന്ന് വർഷത്തേക്ക് രാജ്യാന്തര വിലക്ക് ഏർപ്പെടുത്തി നാടുകടത്താനും ഉത്തരവിട്ടു. ഇവരെ നിയമവിരുദ്ധമായി ജോലിക്ക് നിയോഗിച്ച പുരുഷ തൊഴിലുടമയ്ക്ക് ലോവർ ക്രിമിനൽ കോടതി 2,000 ദീനാർ പിഴ വിധിച്ചു.
കുറ്റക്കാരിയായി കണ്ടെത്തിയ വനിതകളിൽ ഒരാൾ ലോവർ ക്രിമിനൽ കോടതി, ഹൈ ക്രിമിനൽ അപ്പീൽ കോടതി, കാസേഷൻ കോടതി എന്നിവയിൽ അപ്പീൽ നൽകിയെങ്കിലും വിധി ശരിവെക്കുകയായിരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഇൻസ്‌പെക്ടറുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കുറ്റം ചുമത്താനാകില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
സോഷ്യൽ മീഡിയ വഴിയും ഇൻസ്റ്റാഗ്രാമിലും പരസ്യം നൽകി മണിക്കൂർ അടിസ്ഥാനത്തിൽ വീടുകളിലേക്ക് ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകുന്ന സ്ഥാപനങ്ങളെക്കുറിച്ച് എൽ.എം.ആർ.എ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇൻസ്റ്റാഗ്രാം പരസ്യത്തിലെ നമ്പറിലേക്ക് ഉദ്യോഗസ്ഥർ ക്ലീനർമാരെ ആവശ്യപ്പെട്ട് ബന്ധപ്പെടുകയും, നിർദിഷ്ട സ്ഥലത്ത് എത്തിയ തൊഴിലാളികളെ പിടികൂടുകയുമായിരുന്നു. അംഗീകൃത ഏജൻസികൾ വഴി മാത്രം ഗാർഹിക തൊഴിലാളികളെ നിയമിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ 120 അംഗീകൃത മാൻപവർ ഏജൻസികൾക്കാണ് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതിയുള്ളത്.