കുവൈറ്റിൽ രാത്രിയിൽ തണുപ്പ് വർധിക്കും; ഇന്ന് ചാറ്റൽ മഴയ്ക്കും പൊടിക്കറ്റിനും സാധ്യത
കുവൈറ്റിൽ തണുപ്പേറിയ കാലാവസ്ഥ തുടരുന്നതിനിടെ രാജ്യത്ത് പൊടിക്കറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ പൊടിക്കറ്റിനും ഇടവിട്ടുള്ള മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നത് കാഴ്ചപരിധി കുറയ്ക്കാൻ കാരണമാകുമെന്നും വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.
ശനിയാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉപരിതലത്തിലെ മർദ്ദവ്യതിയാനം മൂലം തണുത്ത വായുപിണ്ഡം രാജ്യത്തേക്ക് നീങ്ങുന്നത് വരും ദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം വർധിപ്പിക്കും. വരും ആഴ്ചകളിൽ പകൽ സമയം മിതമായ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിൽ താപനില കുത്തനെ കുറയും. കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. പുലർച്ചെയും രാത്രിയും വീശുന്ന ശക്തമായ കാറ്റ് തണുപ്പ് വർധിപ്പിക്കുന്നുണ്ട്. ഈ വർഷം ഫെബ്രുവരി പിന്നിട്ട് മാർച്ച് അവസാനം വരെ തണുപ്പുള്ള കാലാവസ്ഥ നിലനിൽക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.