ഇറാൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം; വീടുകൾ സന്ദർശിച്ച് ബഹ്റൈൻ കിരീടാവകാശി
ഇറാന്റെ ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ച പൗരന്മാർക്കുള്ള നഷ്ടപരിഹാര വിതരണം നേരിട്ട് വിലയിരുത്തുന്നതിനായി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സിത്ര, ഹിദ്ദ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. രാജാവിന്റെ നിർദേശപ്രകാരം പൗരന്മാരുടെ ക്ഷേമത്തിനാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നതെന്ന് സന്ദർശനവേളയിൽ അദ്ദേഹം വ്യക്തമാക്കി.
സിത്രയിലെയും ഹിദ്ദിലെയും തകർന്ന വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പരിശോധിച്ച കിരീടാവകാശി, നിർമ്മാണ ജോലികൾ മികച്ച ഗുണനിലവാരത്തോടെ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിവിധ സർക്കാർ വകുപ്പുകൾ ഉൾപ്പെടുന്ന 'ടീം ബഹ്റൈൻ' നടത്തുന്ന ഏകോപനത്തെയും പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ കാണിച്ച ഐക്യദാർഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു.
പൂർണ്ണ നഷ്ടപരിഹാരം പ്രഖ്യാപിച്ചതിനും പുനരുദ്ധാരണ ജോലികൾ നേരിട്ട് വിലയിരുത്താൻ കിരീടാവകാശി എത്തിയതിനും പ്രദേശവാസികൾ ഭരണാധികാരികൾക്ക് നന്ദി അറിയിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരും കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു.