ഒമാൻ സെൻട്രൽ ബാങ്കിന്റെ സമഗ്ര പരിഷ്കാരം; ആഭ്യന്തര ഡിജിറ്റൽ പണമിടപാട് നിരക്കുകൾ ഒഴിവാക്കി
രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് ചെലവുകൾ കുറയ്ക്കുന്നതിനുമായി ദേശീയ പണമിടപാട് സംവിധാനങ്ങളിൽ വലിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ഒമാൻ സെൻട്രൽ ബാങ്ക് (CBO). സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് വ്യക്തികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (SME) ബാങ്ക് വഴിയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ നടത്തുന്ന ആഭ്യന്തര ഡിജിറ്റൽ പണമിടപാടുകൾക്ക് ഇനി മുതൽ യാതൊരുവിധ ഫീസും നൽകേണ്ടതില്ല.
ആഭ്യന്തര ഫണ്ട് കൈമാറ്റ സംവിധാനങ്ങളായ ആർ.ടി.ജി.എസ് (RTGS), ഇ.സി.എസ് (ECS), ഇൻസ്റ്റന്റ് പെയ്‌മെന്റ് സിസ്റ്റം (IPS) എന്നിവ വഴിയുള്ള ഇടപാടുകൾക്കാണ് ഈ ഇളവ് ലഭിക്കുക. മൊബൈൽ നമ്പറോ മറ്റ് വിവരങ്ങളോ ഉപയോഗിച്ച് ഐ.പി.എസ് വഴി നടത്തുന്ന വ്യക്തിഗത കൈമാറ്റങ്ങൾ, ഗുണഭോക്താവ് മറ്റ് ബാങ്കുകളിലെ അക്കൗണ്ടുടമകൾ ആണെങ്കിൽ പോലും പൂർണ്ണമായും സൌജന്യമായിരിക്കും. പണത്തിന്റെയും ചെക്കുകളുടെയും ഉപയോഗം കുറച്ച് ഡിജിറ്റൽ ഇടപാടുകളിലേക്ക് ജനങ്ങളെ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബിസിനസ് മേഖലയ്ക്കും തൊഴിലുടമകൾക്കും ആശ്വാസം നൽകുന്ന മറ്റ് പ്രഖ്യാപനങ്ങളും ഒമാൻ സെൻട്രൽ ബാങ്ക് നടത്തിയിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിന്റെ വേതന സംരക്ഷണ സംവിധാനത്തിന് (WPS) കീഴിലുള്ള സ്വകാര്യ കമ്പനികളുടെ ശമ്പള ഫയലുകൾ പ്രോസസ്സ് ചെയ്യുന്നതിന് ബാങ്കുകൾക്ക് ഇനി മുതൽ പ്രതിമാസം പരമാവധി ഒരു ഒമാനി റിയാൽ മാത്രമേ ഈടാക്കാനാകൂ. കൂടാതെ, വ്യാപാരികൾക്ക് വലിയ ആശ്വാസമേകി ക്യു.ആർ കോഡ് (QR Code) ഇടപാടുകളുടെ മർച്ചന്റ് സർവീസ് ചാർജ് 0.75 ശതമാനത്തിൽ നിന്നും 0.50 ശതമാനമായി കുറച്ചു. ഇത് പരമാവധി രണ്ട് റിയാലായി നിജപ്പെടുത്തിയിട്ടുമുണ്ട്. ഒമാന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ തീരുമാനം വലിയൊരു നാഴികക്കല്ലാണെന്ന് സെൻട്രൽ ബാങ്ക് ഗവർണർ അഹമ്മദ് അൽ മുസൽമി വ്യക്തമാക്കി.