കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച; യുഎഇയിൽ കാർ സീറ്റുകൾ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കൾ പിന്നോട്ടെന്ന് റിപ്പോർട്ട്
May 7, 2026, 19:07 IST
കുട്ടികളുടെ സുരക്ഷയ്ക്കായി നാല് വയസ്സുവരെയുള്ളവർക്ക് കാർ സീറ്റുകൾ നിർബന്ധമാക്കി അഞ്ച് വർഷം പിന്നിടുമ്പോഴും യുഎഇയിൽ നിയമം പാലിക്കുന്നതിൽ രക്ഷിതാക്കൾ പിന്നോട്ടാണെന്ന് പുതിയ സർവേ റിപ്പോർട്ട്. റോഡ് സേഫ്റ്റി യുഎഇയും അൽ വത്ബ ഇൻഷുറൻസും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചൈൽഡ് സീറ്റുകൾ അപകടസമയത്ത് മരണസാധ്യത 71 ശതമാനം വരെ കുറയ്ക്കുമെന്ന് 95 ശതമാനം രക്ഷിതാക്കളും സമ്മതിക്കുമ്പോഴും, പ്രായോഗികമായി ഇത് നടപ്പിലാക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിക്കുന്നുണ്ട്.
സർവേയിലെ പ്രധാന കണ്ടെത്തലുകൾ:
- നാല് വയസ്സിൽ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കളിൽ 72 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ ചൈൽഡ് സീറ്റുകൾ ഉള്ളത്.
- സീറ്റ് ഉള്ളവരിൽ തന്നെ 79 ശതമാനം പേർ മാത്രമാണ് യാത്രകളിൽ ഇത് എപ്പോഴും ഉപയോഗിക്കുന്നത്.
- കുട്ടികൾക്ക് സീറ്റിൽ ഇരിക്കുന്നത് ഇഷ്ടമല്ലെന്നതാണ് ഉപയോഗിക്കാതിരിക്കാൻ ഭൂരിഭാഗം പേരും പറയുന്ന കാരണം.
- കുട്ടികളെ കൈകളിൽ പിടിക്കുന്നത് സുരക്ഷിതമാണെന്ന് 24 ശതമാനം പേർ ഇപ്പോഴും വിശ്വസിക്കുന്നു.
- ടാക്സികളിലോ സുഹൃത്തുക്കളുടെ വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ പകുതിയോളം പേരും (52%) ചൈൽഡ് സീറ്റുകൾ ഉപയോഗിക്കാറില്ല.