മേഖലയിലെ സംഘർഷം; സൗദി വഴി കരമാർഗ്ഗം അവശ്യവസ്തുക്കൾ കുവൈത്തിലെത്തിച്ചു
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ വ്യോമ-കടൽ ചരക്കുനീക്കങ്ങളിൽ തടസ്സം നേരിട്ടതോടെ, സൗദി അറേബ്യ വഴി കരമാർഗ്ഗം കുവൈത്തിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്ന പുതിയ സംവിധാനം വിജയകരമായി നടപ്പിലാക്കി. ജസീറ എയർവേയ്‌സിന്റെ നേതൃത്വത്തിൽ സൗദിയിലെ ഖൈസുമ (Qaisumah) വിമാനത്താവളം കേന്ദ്രീകരിച്ചാണ് ഈ പുതിയ വിതരണ ശൃംഖല സജ്ജമാക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഇന്ത്യയിലെ ചെന്നൈയിൽ നിന്ന് 4.5 ടൺ പഴങ്ങളും പച്ചക്കറികളുമാണ് ഈ പാതയിലൂടെ കുവൈത്തിലെത്തിച്ചത്. ചെന്നൈയിൽ നിന്നും വിമാനമാർഗ്ഗം ഖൈസുമയിലെത്തിക്കുന്ന ചരക്കുകൾ അവിടെനിന്ന് ട്രക്കുകൾ വഴി കരമാർഗ്ഗമാണ് കുവൈത്തിലേക്ക് കടത്തുന്നത്. നിലവിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ഭാവിയിലും ഈ സംവിധാനം തുടരാനാണ് അധികൃതരുടെ തീരുമാനം.
വ്യോമാതിർത്തികളിൽ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ ഈ നീക്കം നിർണ്ണായകമാകുമെന്ന് ജസീറ എയർവേയ്‌സ് അധികൃതർ വ്യക്തമാക്കി. ഇതിനായി വിവിധ ഏജൻസികളുമായുള്ള ഏകോപനം ശക്തമാക്കിയതായും അവർ അറിയിച്ചു.