പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഗള്‍ഫിലെ എസ്‍എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചേക്കും; സര്‍ക്കാര്‍ തീരുമാനം ഇന്ന്

 

പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന എസ്‍എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചേക്കും. ഇതുസംബന്ധിച്ച് ഗള്‍ഫിലെ പരീക്ഷാ കോര്‍ഡിനേറ്റര്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന് ശേഷം ഇന്നുണ്ടാകും.

മാര്‍ച്ച് അഞ്ചിന് നടക്കേണ്ട എസ്‍എസ്എല്‍സി പരീക്ഷയും, അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റാനാണ് നിലവില്‍ ആലോചിക്കുന്നത്. കേരളത്തിലെ പരീക്ഷാ ടൈംടേബിളില്‍ മാറ്റമുണ്ടാകില്ല. ഗള്‍ഫിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവിടെ പിന്നീട് മറ്റൊരു ദിവസം പുതിയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സാധാരണയായി കേരളത്തിലും ഗള്‍ഫിലും ഒരേ ദിവസമാണ് പരീക്ഷകള്‍ നടക്കാറുള്ളത്.

മേഖലയിലെ വ്യോമപാതകള്‍ അടച്ചതും യാത്രാ നിയന്ത്രണങ്ങളും ചോദ്യപ്പേപ്പറുകള്‍ എത്തിക്കുന്നതിനും ഉദ്യോഗസ്ഥരുടെ നീക്കത്തിനും തടസ്സമായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.