എബോളയ്‌ക്കെതിരെ പോരാടാൻ കോംഗോ; മുൻനിര ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷൻ തുടങ്ങി

 

എബോള വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുൻനിര ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷൻ ആരംഭിച്ച് റിപ്പബ്ലിക് ഓഫ് കോംഗോ. കിഴക്കൻ കോംഗോയിലെ കിസംഗാനി നഗരത്തിലെ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകിയത്. നിലവിൽ 50,000-ത്തിലധികം വാക്സിൻ ഡോസുകൾ ലഭ്യമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സാമുവൽ റോജർ കാംബ വ്യക്തമാക്കി. രോഗവ്യാപനം കൂടുതലുള്ളതും ഉഗാണ്ടൻ അതിർത്തിയോട് ചേർന്നുനിൽക്കുന്നതുമായ ഇറ്റൂരി പ്രവിശ്യയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ഘട്ടംഘട്ടമായി വാക്സിനേഷൻ വ്യാപിപ്പിക്കും. തങ്ങൾക്ക് കൂടുതൽ വാക്സിൻ ഡോസുകൾ ആവശ്യമുണ്ടെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, നിലവിൽ നൽകുന്ന 'എർവെബോ' (Ervebo) വാക്‌സിൻ പുതിയ എബോള വകഭേദത്തിനെതിരെ എത്രത്തോളം ഫലപ്രദമാണെന്ന് വ്യക്തമായിട്ടില്ല. പുതിയ വകഭേദമായ ബുണ്ടിബുഗ്യോയ്ക്ക് (Bundibugyo) ഇതുവരെ അംഗീകൃത വാക്‌സിനോ ചികിത്സയോ ലഭ്യമല്ലെങ്കിലും ഇതിനായുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ നടന്നുവരികയാണ്. രാജ്യത്ത് ഉപയോഗിക്കുന്നതിനായി ഡബ്ല്യു.എച്ച്.ഒ അനുമതി നൽകിയ 70,000 ഡോസുകളിൽ 20,000 എണ്ണം പുതിയ വകഭേദത്തിനെതിരായ ക്ലിനിക്കൽ ട്രയലുകൾക്കായി മാറ്റിവെയ്ക്കും.

നിലവിൽ കോംഗോയിൽ 5,713 എബോള കേസുകളും 2,744 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ആഭ്യന്തര പ്രക്ഷോഭങ്ങളും കുടിയൊഴിപ്പിക്കലുകളും ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധവും രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.