പുതിയ ടോൾ ഗേറ്റ് നിർമാണം: കിങ് ഫഹദ് കോസ്‌വേയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

 

ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ നാളെ മുതൽ ഗതാഗതം വഴിതിരിച്ചുവിടും. പ്രദേശത്ത് പുതിയ ടോൾ ഗേറ്റ് നിർമാണ പദ്ധതി പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. സൗദിയിലെ അൽ ഖോബാറിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നാളെ രാവിലെ 10:00 മുതൽ ഈ മാറ്റങ്ങൾ ബാധകമാകുമെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസ്സം ഒഴിവാക്കാനും റോഡ് ഉപയോക്താക്കൾ ദിശാസൂചനകൾ കൃത്യമായി പാലിക്കണമെന്നും വേഗപരിധി ലംഘിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. കിങ് ഫഹദ് കോസ്‌വേ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് നിർമാണ പ്രവർത്തനങ്ങളും ഗതാഗത മാറ്റങ്ങളും നടപ്പിലാക്കുന്നത്.

മേഖലയിൽ റോഡ് മാർഗം അതിർത്തി കടക്കുന്ന യാത്രക്കാരുടെ എണ്ണം കൂടുതലായതിനാൽ ഡ്രൈവർമാർ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണം. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ആവശ്യത്തിന് സമയമെടുത്ത് യാത്ര തിരിക്കാനും സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചു.