ഇന്തോനേഷ്യയിൽ നിയന്ത്രണം നഷ്ടപ്പെട്ട് യാത്രാകപ്പൽ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, 103 പേരെ രക്ഷപ്പെടുത്തി
മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ 243 യാത്രക്കാരുമായി പോയ കപ്പലിന് അപകടം. 'ദ വെർഗോ ട്രാൻസ്‌പോർട്ട് 8' എന്ന കപ്പലാണ് ജാവ കടലിൽ അപകടത്തിൽപ്പെട്ടത്. ഒരാളുടെ മരണം സ്ഥിരീകരിച്ചു. 103 പേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30നാണ് കിഴക്കൻ ജാവയിൽ നിന്ന് തെക്കൻ കലിമന്താൻ പ്രവിശ്യയിലെ ബൻജർമാസിലേക്ക് കപ്പൽ യാത്ര തിരിച്ചത്. ഇന്ന് പുലർച്ചെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. ബൻജർമാസിനിലെ തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വച്ചാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നാണ് വിവരം.
ബന്ധം നഷ്ടപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് രക്ഷാസേനയ്ക്ക് ഔദ്യോഗിക വിവരം ലഭിച്ചത്. തുടർന്ന് സമീപത്തുണ്ടായിരുന്ന കപ്പലുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പൽ മുങ്ങുകയായിരുന്നോ മറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. അപകടത്തിന്റെ കൃത്യകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.