ലഹരിക്കടത്തിന് വധശിക്ഷയും കടുത്ത പിഴയും; പരിഷ്കരിച്ച ലഹരിവിരുദ്ധ നിയമവുമായി ഒമാൻ
മയക്കുമരുന്ന് കടത്ത്, ഉൽപ്പാദനം, വിൽപന, ഉപയോഗം എന്നിവയ്ക്ക് കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ലഹരിവിരുദ്ധ നിയമം ഒമാനിൽ പ്രാബല്യത്തിൽ വന്നു. സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച റോയൽ ഡിക്രി 67/2026 അനുസരിച്ച് 'നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിരുദ്ധ നിയമം' പരിഷ്കരിച്ചാണ് നടപ്പിലാക്കിയത്. പഴയ നിയമത്തിന് (Royal Decree 17/99) പകരമായി വന്ന പുതിയ ഉത്തരവ് പ്രകാരം, കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് പിഴയും തടവും മുതൽ ജീവനപര്യന്തവും വധശിക്ഷയും വരെ നൽകാൻ വ്യവസ്ഥയുണ്ട്.
ലഹരി ഉപയോഗിക്കുന്നവരെയും വൻകിട ലഹരി മാഫിയകളെയും വേർതിരിച്ചാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നതെന്ന് മയക്കുമരുന്ന്-മനുഷ്യക്കടത്ത് കേസുകൾക്കായുള്ള പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ഹമദ് ബിൻ സയീദ് അൽ ഗഫ്രി വ്യക്തമാക്കി. സ്വന്തം ആവശ്യത്തിനായി ലഹരിമരുന്ന് വാങ്ങുകയോ നിർമ്മിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവർക്ക് 1 മുതൽ 3 വർഷം വരെ തടവും 1,000 മുതൽ 5,000 ഒമാനി റിയാൽ വരെ പിഴയും ചുമത്തും. എന്നാൽ കച്ചവട ആവശ്യങ്ങൾക്കായി ലഹരിമരുന്ന് കടത്തുകയോ വിൽപന നടത്തുകയോ ചെയ്താൽ 35,000 മുതൽ 60,000 റിയാൽ വരെയാണ് പിഴ.
ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നവർ, അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധമുള്ളവർ എന്നിവർക്ക് വധശിക്ഷ വരെ നൽകാൻ പുതിയ നിയമത്തിൽ വകുപ്പുണ്ട്. ലഹരി കൈമാറ്റം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്താൽ കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. സ്കൂളുകൾ, കായിക കേന്ദ്രങ്ങൾ, ജയിലുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപം വെച്ചാണ് വിതരണം നടത്തുന്നതെങ്കിൽ ശിക്ഷ ജീവനപര്യന്തമായി ഉയരും. അതേസമയം, ലഹരിക്ക് അടിമപ്പെട്ടവർ സ്വമേധയായോ ബന്ധുക്കൾ വഴിയോ ചികിത്സയ്ക്കായി സമീപിച്ചാൽ കേസ് എടുക്കാതെ 6 മാസം മുതൽ 1 വർഷം വരെ പുനരധിവാസ കേന്ദ്രങ്ങളിൽ ചികിത്സ നൽകുമെന്നും അധികൃതർ അറിയിച്ചു.