നേപ്പാൾ പ്രളയത്തിൽ മരണം 270 കടന്നു; 288 ഇന്ത്യക്കാരെ കാണാതായി

 

നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ 270 കടന്നു. 288 ഇന്ത്യക്കാരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.കാണാതായവരിൽ 33 പേർ കേരളത്തിൽനിന്നുള്ളവരാണ്. തമിഴ്‌നാട്ടിൽനിന്നുള്ള 86 പേരും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള 61 പേരും കാണാതായവരുടെ പട്ടികയിലുണ്ട്. ഇതിനിടെ പ്രളയബാധിത മേഖലകളിൽ കുടുങ്ങിയ 21 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം തമിഴ്‌നാട്ടിൽനിന്നുള്ളവരാണ്.

തീർഥാടനത്തിന്റെ ഭാഗമായി ചൈനീസ് അതിർത്തിയിൽ നിലവിൽ ഇരുന്നൂറോളം ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ബീജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ചേർന്ന് നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരിൽ 95 പേർ ദാർച്ചനിലും മറ്റുള്ളവർ ജിലോങ് മേഖലയിലുമാണുള്ളത്.

ഇതിനുപുറമെ, ഇഷ ഫൗണ്ടേഷനിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടുന്ന ഒരു വിഭാഗവുമായി നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവർക്കായി പ്രാദേശിക അധികൃതരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.

നേപ്പാളിലെ പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ, സി-17 വിമാനങ്ങൾ കാഠ്മണ്ഡുവിലെത്തി. രണ്ട് വിമാനങ്ങളിലായി 47.5 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ ഇതിനോടകം എത്തിച്ചത്. താൽക്കാലിക ഷെൽട്ടറുകൾ, കമ്പിളികൾ, ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലും കാഠ്മണ്ഡു, ബീജിങ് എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.