നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; വീണ്ടും പ്രളയഭീഷണി
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 538 ആയി ഉയർന്നു. നേപ്പാൾ പൊലീസിന്റെ കണക്കനുസരിച്ച് രാജ്യത്തെ എട്ട് ജില്ലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചിത്വാനിൽ 221 പേരുടെയും നവൽപരാസി ഈസ്റ്റിൽ 134 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഗോർഖയിൽ 46, നുവാകോട്ടിൽ 37, ധാദിങ്ങിൽ 33, തനഹുവിൽ 28, നവൽപരാസി വെസ്റ്റിൽ 27, റസുവയിൽ 12 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ സൈന്യത്തിലെ 2,391 പേരടക്കം 7,451 സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ മേഖലകളിലായി വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ടിബറ്റ് അതിർത്തിയിൽ ഹിമപാതത്തെ തുടർന്ന് രൂപപ്പെട്ട തടാകത്തിലെ ജലനിരപ്പ് ഉയരുന്നത് വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകി. ഇതോടെ അതീവ ജാഗ്രതയിലാണ് തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ ജലനിരപ്പ് ഇനിയും ഉയരുന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുമെന്നാണ് നാഷണൽ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്.