ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ പ്രതിരോധ മന്ത്രി സന്ദർശിച്ചു; മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം

 

ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് സന്ദർശിച്ചു. ആശുപത്രിയിലെത്തിയ മന്ത്രി സൈനികരുടെ ആരോഗ്യനില വിലയിരുത്തുകയും അവർക്ക് ലഭ്യമാക്കുന്ന വൈദ്യസഹായം നേരിട്ട് പരിശോധിക്കുകയും ചെയ്തു.

പരിക്കേറ്റവരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചികിത്സാ വിഭാഗം മന്ത്രിക്ക് വിശദീകരണം നൽകി. സൈനികർക്ക് മികച്ച രീതിയിലുള്ള പരിചരണവും ചികിത്സയും നൽകുന്നതിൽ ആരോഗ്യ പ്രവർത്തകർ നടത്തുന്ന പരിശ്രമങ്ങളെ മന്ത്രി പ്രത്യേകം പ്രശംസിച്ചു. പരിക്കേറ്റവർ എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

അതിനിടെ, ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പരിക്കേറ്റ കുവൈത്ത് ഫയർ ഫോഴ്‌സ് (KFF) അംഗം ക്യാപ്റ്റൻ ഫലാഹ് മുഹമ്മദ് ഫലാഹിനെ ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി സന്ദർശിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ പ്രത്യേക ആശംസകൾ അദ്ദേഹം ക്യാപ്റ്റന് കൈമാറി. ഫലാഹിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.