ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ വരെ
കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന പിഴ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ ജയിൽ ശിക്ഷയടക്കമുള്ള കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.പിഴ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയാൽ കേസ് നേരിട്ട് ട്രാഫിക് കോടതിയിലേക്ക് കൈമാറും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഉയർന്ന പിഴയോ തടവുശിക്ഷ വരെയോ ലഭിക്കാം. ഇതിനുപുറമെ, കുറ്റക്കാരാകുന്നവർക്കെതിരെ മറ്റ് ഭരണപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കാനും കോടതിക്ക് അധികാരമുണ്ടായിരിക്കും.
യാത്രക്കാർക്ക് പിഴയടക്കാൻ എളുപ്പത്തിൽ സാധിക്കുന്ന രീതിയിലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നിലവിലുണ്ടെന്നും മന്ത്രാലയം ഓർമിപ്പിച്ചു. 'സഹിൽ' ആപ്ലിക്കേഷൻ വഴിയോ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വളരെ എളുപ്പത്തിൽ ട്രാഫിക് പിഴകൾ അടച്ചുതീർക്കാൻ സാധിക്കും.അതിനാൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴ സമയബന്ധിതമായി അടച്ച് നിയമനടപടികൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.