സീറ്റിൽ കാൽ വെച്ചാൽ 200 ദിർഹം, പുകവലിച്ചാൽ 500; ഇത്തിഹാദ് റെയിലിൽ കടുത്ത നിയമലംഘനങ്ങൾക്ക് വൻ പിഴ
അബൂദബി-ഫുജൈറ റൂട്ടിൽ പാസഞ്ചർ സർവീസ് ആരംഭിച്ച ഇത്തിഹാദ് റെയിലിൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കടുത്ത പിഴ ശിക്ഷകളുമായി അധികൃതർ. ട്രെയിനിലും റെയിൽവേ സ്റ്റേഷനുകളിലും നിയമം ലംഘിക്കുന്നവരിൽ നിന്നും കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 100 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ വേളയിൽ സീറ്റിൽ കാൽ വെച്ച് ഇരിക്കുകയോ, ട്രെയിനിലും പ്ലാറ്റ്‌ഫോമിലും മാലിന്യങ്ങൾ വലിച്ചെറിയുകയോ ചെയ്താൽ 200 ദിർഹം പിഴ ഒടുക്കേണ്ടി വരും.
ടിക്കറ്റില്ലാത്ത യാത്ര, ടിക്കറ്റ് നിരക്കിലെ വെട്ടിപ്പ്, അനുമതിയില്ലാതെ റിസർവ് സീറ്റുകളിലോ ഉയർന്ന ക്ലാസുകളിലോ യാത്ര ചെയ്യൽ, അർഹതയില്ലാതെ കൺസെഷൻ ടിക്കറ്റുകൾ ഉപയോഗിക്കൽ, പ്ലാറ്റ്‌ഫോമിൽ അനാവശ്യമായി തുടരൽ എന്നിവയ്ക്കും 200 ദിർഹമാണ് പിഴ. നിരോധിത മേഖലകളിൽ പുകവലിക്കുക, മോശമായി പെരുമാറുകയോ ബഹളം വെക്കുകയോ ചെയ്യുക, നിരോധിത വസ്തുക്കൾ കൈവശം വെക്കുക, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കുക, മുൻകൂർ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഫോട്ടോഗ്രാഫിയോ വീഡിയോ ചിത്രീകരണമോ നടത്തുക എന്നിവയ്ക്ക് 500 ദിർഹം പിഴ ചുമത്തും.
ട്രെയിൻ വാതിലുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കും, ട്രെയിനിന് നേരെയോ പുറത്തേക്കോ സാധനങ്ങൾ വലിച്ചെറിയുന്നവർക്കും വലിയ ശിക്ഷയാണ് കാത്തിരിക്കുന്നത്. അനാവശ്യമായി സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക, എമർജൻസി ഡോറുകൾ ദുരുപയോഗം ചെയ്യുക എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങൾക്ക് 5,000 ദിർഹമാണ് പിഴ. പട്ടികയിൽ ഉൾപ്പെടാത്ത മറ്റ് നിയമലംഘനങ്ങൾക്കും പിഴ ചുമത്താൻ ഇത്തിഹാദ് റെയിലിന് പൂർണ്ണ അധികാരമുണ്ടായിരിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.