ദിബ്ബ അൽ ഹിസ്ൻ ബീച്ച് താത്കാലികമായി അടച്ചു; നവീകരണവും അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു

 

ഷാർജയിലെ പ്രശസ്തമായ ദിബ്ബ അൽ ഹിസ്ൻ ബീച്ച് (Dibba Al Hisn beach) താത്കാലികമായി അടച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. ബീച്ചിലെ അറ്റകുറ്റപ്പണികളും വികസന നവീകരണ പ്രവർത്തനങ്ങളും നടത്തുന്നതിന്റെ ഭാഗമായിട്ടാണ് തുടർന്നുള്ള അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം വിലക്കിയിരിക്കുന്നത്.

യു.എ.ഇ തീരക്കടലിൽ റിപ്പോർട്ട് ചെയ്ത എണ്ണച്ചോർച്ചയെ (oil spill) തുടർന്ന് രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനിടയിലാണ് ഈ തീരുമാനം. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (MOCCAE) പ്രാദേശിക ഭരണകൂടങ്ങളും ചേർന്ന് തീരദേശങ്ങളിൽ പരിശോധനകളും ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

ദുർഗന്ധം വമിക്കുന്നതായി തീരദേശവാസികൾ പരാതിപ്പെട്ടിരുന്നെങ്കിലും ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമേ ബീച്ചുകൾ വീണ്ടും തുറന്നുകൊടുക്കുകയുള്ളൂ.