ട്രാഫിക് പിഴ അടയ്ക്കാൻ മെസേജ് വന്നോ? ജാഗ്രത! വ്യാജ സന്ദേശങ്ങൾക്കെതിരെ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്
ട്രാഫിക് പിഴകൾ നിലവിലുണ്ടെന്ന് കാണിച്ച് മൊബൈൽ ഫോണുകളിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദേശവുമായി റോയൽ ഒമാൻ പോലീസ് (ROP). സന്ദേശങ്ങൾ വഴിയുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
12 മണിക്കൂറിനകം പിഴ അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ മെസേജുകൾ അയക്കുന്നത്. ഇതിനായി സന്ദേശത്തോടൊപ്പം വ്യാജ ലിങ്കുകളും നൽകിയിട്ടുണ്ടാകും. ഇവ പൂർണ്ണമായും തട്ടിപ്പിന്റെ ഭാഗമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്. ട്രാഫിക് പിഴ വിവരങ്ങൾ റോയൽ ഒമാൻ പോലീസിന്റെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി മാത്രം പരിശോധിക്കുക. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ സുരക്ഷാ ഏജൻസികളെ വിവരമറിയിക്കണമെന്നും ആർ.ഒ.പി നിർദേശിച്ചു.