സെപ്റ്റംബർ മുതൽ അജ്മാനിൽ ഡിജിറ്റൽ ബസ് ടിക്കറ്റിങ്: മൂന്ന് പ്രധാന റൂട്ടുകളിൽ ക്യാഷ് പേയ്‌മെന്റ് നിർത്തലാക്കുന്നു
പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി വരുന്ന സെപ്റ്റംബർ 17 മുതൽ പ്രധാനപ്പെട്ട മൂന്ന് ബസ് റൂട്ടുകളിൽ പണമായി (Cash) ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് പൂർണ്ണമായും ഒഴിവാക്കാൻ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു. ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലേക്ക് ഓടുന്ന ഇന്റർസിറ്റി ബസുകളിലാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. പകരം 'മസാറ' സ്മാർട്ട് കാർഡുകളോ ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളോ ഉപയോഗിച്ച് മാത്രമേ യാത്രക്കാർക്ക് ടിക്കറ്റ് തുക അടയ്ക്കാനാകൂ.
ലഭ്യമായ അംഗീകൃത വിതരണ കേന്ദ്രങ്ങളിൽ നിന്നോ അതോറിറ്റിയുടെ ഓഫിസുകളിൽ നിന്നോ ഉപഭോക്താക്കൾക്ക് സൗജന്യമായി മസാറ കാർഡുകൾ കരസ്ഥമാക്കാം. യാത്ര പുറപ്പെടുന്നതിന് മുൻപായി കാർഡിൽ ആവശ്യമായ തുക ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ബസ് സർവീസുകൾക്ക് പുറമെ, സ്പീഡ് വെഹിക്കിൾ ടെസ്റ്റിങ് ആൻഡ് രജിസ്ട്രേഷൻ സെന്ററിലും സെപ്റ്റംബർ 17 മുതൽ ഓൺലൈൻ/ഡിജിറ്റൽ ഇടപാടുകൾ മാത്രം സ്വീകരിക്കാനാണ് തീരുമാനം.
യുഎഇയിലുടനീളം ക്യാഷ്‌ലെസ് ഇടപാടുകൾക്ക് വൻ സ്വീകാര്യത ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. നേരത്തെ ദുബായിലും പാർക്കിങ് ചാർജുകൾ പണമായി സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനം നിലവിൽ വരുന്നതോടെ യാത്രാ നടപടികൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സാധിക്കും.