കുവൈത്തിൽ വാഹന ഇൻഷുറൻസ് രേഖകൾ ഡിജിറ്റലാക്കി; പേപ്പർ രേഖകൾ പൂർണ്ണമായും ഒഴിവാക്കി ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്
Oct 20, 2026, 13:51 IST
കുവൈത്തിൽ വാഹന ഇൻഷുറൻസ് രേഖകൾ ഇനിമുതൽ ഡിജിറ്റൽ രൂപത്തിൽ മാത്രമായിരിക്കുമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് അറിയിച്ചു. 'ബിമ' (Bima) എന്ന ഔദ്യോഗിക ഇലക്ട്രോണിക് സംവിധാനം വഴി മാത്രമേ ഇനി വാഹന ഇൻഷുറൻസ് പോളിസികൾ അനുവദിക്കുകയുള്ളൂ. ഇതോടെ പേപ്പർ ഇൻഷുറൻസ് രേഖകൾ നൽകുന്ന പരമ്പരാഗത രീതി പൂർണ്ണമായും അവസാനിക്കും.
പുതിയ നിബന്ധന പ്രകാരം ഇൻഷുറൻസ് തുക ഇലക്ട്രോണിക് പേയ്മെന്റ് രീതികളിൽ മാത്രമായിരിക്കും സ്വീകരിക്കുക. പോളിസി രേഖകളിൽ സംഭവിക്കാനിടയുള്ള കൃത്രിമത്വങ്ങളും തട്ടിപ്പുകളും തടയുന്നതിനും ഇൻഷുറൻസ് നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യവുമാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.