മിസൈൽ, ഡ്രോൺ പ്രതിരോധ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
സൗദി അറേബ്യയിലേക്ക് എത്തുന്ന മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതിന്റെ ദൃശ്യങ്ങളോ അവ പതിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ഔദ്യോഗിക സുരക്ഷാ മാർഗ്ഗനിർദേശങ്ങളുടെ ഭാഗമായാണ് സ്വദേശികൾക്കും പ്രവാസികൾക്കുമായി മന്ത്രാലയം ഈ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
ഡ്രോൺ-മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾ, അവശിഷ്ടങ്ങൾ വീഴുന്ന സ്ഥലങ്ങൾ എന്നിവയുടെ ചിത്രങ്ങളോ വീഡിയോകളോ വിവരങ്ങളോ പകർത്തുകയോ പബ്ലിഷ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യുന്നത് കടുത്ത നിയമലംഘനമായി കണക്കാക്കും.
ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാലും ശത്രുക്കൾക്ക് വിവരങ്ങൾ നൽകാൻ ഇടയാക്കുമെന്നതിനാലുമാണ് നിയന്ത്രണം. അടിയന്തര ഘട്ടങ്ങളിൽ ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ മാത്രം പാലിക്കണമെന്നും സോഷ്യൽ മീഡിയ വഴി ദൃശ്യങ്ങൾ കൈമാറരുതെന്നും അധികൃതർ വ്യക്തമാക്കി.