മഴവെള്ള ചാലുകളിൽ മാലിന്യം തള്ളരുത്; കർശന മുന്നറിയിപ്പുമായി മസ്കത്ത് മുൻസിപ്പാലിറ്റി

 

മഴവെള്ള ചാലുകളിലും ഡ്രെയിനേജ് സംവിധാനങ്ങളിലും യാതൊരു കാരണവശാലും മാലിന്യം തള്ളരുതെന്ന് പൊതുജനങ്ങൾക്ക് മസ്കത്ത് മുൻസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. മഴക്കാലത്ത് നഗരങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും പൂർണ്ണമായി ഒഴിവാക്കുന്നതിനാണ് മുൻസിപ്പാലിറ്റി ഈ നിർദേശം കർശനമാക്കിയിരിക്കുന്നത്.

ഓടകളിൽ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടുന്നത് മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ഗുരുതരമായി ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത് റോഡുകളിലും ജനവാസ മേഖലകളിലും വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമാകും. ഈ സാഹചര്യം പൊതുസുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്താൻ പൊതുജനങ്ങളുടെ പൂർണ്ണമായ സഹകരണം വേണമെന്ന് മുൻസിപ്പാലിറ്റി അഭ്യർഥിച്ചു.