റോഡുകളിൽ അനധികൃത സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കരുത്; മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മുൻകൂർ അനുമതിയില്ലാതെ പൊതുറോഡുകളിലോ ജനവാസ മേഖലകളിലോ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇത്തരം അനധികൃത നിർമ്മാണങ്ങൾ റോഡ് സുരക്ഷയെ ബാധിക്കുമെന്നും യാത്രക്കാരുടെ ജീവന് ഭീഷണിയാകുമെന്നും അധികൃതർ വ്യക്തമാക്കി. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചും മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപിച്ചും മാത്രമേ ഇവ സ്ഥാപിക്കാൻ പാടുള്ളൂ.
സ്പീഡ് ബ്രേക്കറുകൾക്ക് മുന്നിൽ ട്രാഫിക് സൈൻ ബോർഡുകൾ നിർബന്ധമായും ഉണ്ടായിരിക്കണം. രാത്രിയിലും കാഴ്ച മങ്ങുന്ന സാഹചര്യങ്ങളിലും വ്യക്തമായി കാണാൻ റിഫ്ലെക്റ്റീവ് പെയിന്റുകൾ ഇവയിൽ അടിച്ചിരിക്കണം.
വാഹനത്തിരക്കും ആവശ്യകതയും വിലയിരുത്തിയ ശേഷമേ ഏത് ലൊക്കേഷനിലാണ് സ്പീഡ് ബ്രേക്കർ വേണ്ടതെന്ന് മുനിസിപ്പാലിറ്റി തീരുമാനിക്കുകയുള്ളൂ. ഗതാഗത സംവിധാനങ്ങൾ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ഔദ്യോഗിക നടപടിക്രമങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.