കാറുകളിൽ പെർഫ്യൂമുകളും മറ്റും സൂക്ഷിക്കരുത്; ബഹ്‌റൈനിൽ മുന്നറിയിപ്പ്
കനത്ത വേനൽച്ചൂടിൽ കാറിനുള്ളിൽ പെർഫ്യൂമുകളോ ഡിയോഡറന്റുകളോ സൂക്ഷിക്കുന്നത് വൻ അപകടത്തിന് കാരണമാകുമെന്ന് ബഹ്‌റൈനിൽ അധികൃതരുടെ മുന്നറിയിപ്പ്. ഉയർന്ന താപനില കാരണം ഇത്തരം വസ്തുക്കൾ പൊട്ടിത്തെറിച്ച് തീപിടിക്കാൻ സാധ്യതയുണ്ടെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ വ്യക്തമാക്കി. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അൽ അമാൻ സോഷ്യൽ മീഡിയ പ്രോഗ്രാമിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പുറത്ത് 35 ഡിഗ്രി സെൽഷ്യസ് ചൂടാണെങ്കിൽ, 15 മുതൽ 30 മിനിറ്റിനുള്ളിൽ കാറിനുള്ളിലെ താപനില 15 ഡിഗ്രി വർധിച്ച് 50 ഡിഗ്രി ആയിമാറും. അരമണിക്കൂറിനുള്ളിൽ ഇത് 70 ഡിഗ്രി സെൽഷ്യസിലെത്താം. പുറത്തെ താപനില 40 അല്ലെങ്കിൽ 50 ഡിഗ്രി ആണെങ്കിൽ കാറിനുള്ളിലെ ചൂട് 85 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.
പെർഫ്യൂമുകളിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാലും അവ ഉയർന്ന സമ്മർദ്ദത്തിൽ പാക്ക് ചെയ്തിരിക്കുന്നതിനാലും ചൂടിൽ കുപ്പികൾ പൊട്ടാനോ തീപിടിക്കാനോ സാധ്യതയേറെയാണ്. കൂടാതെ പെർഫ്യൂം കുപ്പികൾ വാഹനത്തിനുള്ളിൽ ലെൻസായി പ്രവർത്തിച്ച് പ്രകാശത്തെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നത് തീപിടുത്തത്തിന് കാരണമാകാം. പെർഫ്യൂമുകൾക്ക് പുറമെ ലൈറ്ററുകൾ, എയറോസോൾ കാനുകൾ, പവർ ബാങ്കുകൾ, സാന്റിറ്റൈസറുകൾ, പ്ലാസ്റ്റിക്-ഗ്ലാസ് കുപ്പികൾ എന്നിവയും കാറിനുള്ളിൽ സൂക്ഷിക്കരുതെന്ന് ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.