വിമാനത്താവളത്തിന് സമീപം പ്രാവുകളെ വളർത്തരുത്; കർശന മുന്നറിയിപ്പുമായി ബഹ്‌റൈൻ അധികൃതർ

 

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രാവുകളെ വളർത്തുന്നതും അവയ്ക്ക് തീറ്റ നൽകുന്നതും വിമാനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ ആണ് പൗരന്മാർക്കും താമസക്കാർക്കുമായി ജാഗ്രതാ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഏകദേശം ആയിരത്തോളം പ്രാവുകളുണ്ടെന്നും ഇവയുടെ ക്രമരഹിതമായ പറക്കൽ വിമാനങ്ങൾ പറന്നുയരുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും 'ബേർഡ് സ്ട്രൈക്കിന്' (Bird Strike) കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറഞ്ഞ ഉയരത്തിൽ പ്രാവുകൾ കൂട്ടമായി പറക്കുന്നത് വിമാനത്തിന്റെ എൻജിനുകൾ തകരാറിലാക്കാൻ സാധ്യതയുണ്ട്. ലോകമെമ്പാടും ബേർഡ് സ്ട്രൈക്കുകൾ മൂലം പ്രതിവർഷം ഏകദേശം 1.5 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. സുരക്ഷാ ഭീഷണിക്ക് പുറമെ, പ്രാവുകളുടെ തൂവലുകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അലർജിക്കും കാരണമാകും. ഇവയുടെ കാഷ്ഠം വഴി ഇ-കോളി ഉൾപ്പെടെയുള്ള അൻപതോളം രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

പൊതുസ്ഥലങ്ങളിലോ മറ്റോ പ്രാവുകൾക്ക് തീറ്റ നൽകുന്നവർക്കെതിരെ മുൻസിപ്പാലിറ്റി വൻ തുക പിഴ ചുമത്തും. വിമാനത്താവള പരിസരത്തുള്ള പക്ഷി ശല്യം കുറയ്ക്കുന്നതിനായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി നേരത്തെ തന്നെ വിദഗ്ധ പഠനത്തിന് ഉത്തരവിട്ടിരുന്നു. മനുഷ്യജീവനേക്കാൾ വലുതല്ല പ്രാവുകളെ വളർത്തുന്ന വിനോദമെന്ന് കേണൽ ഒസാമ ബഹർ പൗരന്മാരെ ഓർമ്മിപ്പിച്ചു.