വ്യാജ വാഗ്ദാനങ്ങൾ നൽകി രോഗികളെ തെറ്റിദ്ധരിപ്പിക്കരുത്; ആരോഗ്യമേഖലയിലെ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ദുബൈ
ആരോഗ്യമേഖലയിലെ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബൈ ഹെൽത്ത് അതോറിറ്റി (DHA). 'പാർശ്വഫലങ്ങളില്ല', 'നമ്പർ വൺ', '100% ഉറപ്പ്' തുടങ്ങിയ അമിത അവകാശവാദങ്ങളുള്ള പ്രയോഗങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്ന് അതോറിറ്റി നിർദേശം നൽകി. വ്യാജ വാഗ്ദാനങ്ങൾ നൽകി രോഗികളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനം.
ഡി.എച്ച്.എ ലൈസൻസോടെ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ, ഡോക്ടർമാർ, ഇവർക്കായി പ്രചാരണം നടത്തുന്ന ഇൻഫ്ലുവൻസർമാർ എന്നിവർക്കെല്ലാം പുതിയ മാനദണ്ഡങ്ങൾ ബാധകമാണ്. 'മാജിക്', 'അത്ഭുത ചികിത്സ', 'ഏക ചികിത്സാ കേന്ദ്രം', 'താരതമ്യമില്ലാത്തത്' എന്നീ വാക്കുകൾക്ക് പൂർണ വിലക്കുണ്ട്. കൂടാതെ, തങ്ങളാണ് മറ്റുള്ളവരെക്കാൾ മികച്ചതെന്നോ സുരക്ഷിതരെന്നോ സ്ഥാപിക്കാൻ ശ്രമിക്കരുത്. സർജറികളും മറ്റ് സങ്കീർണ ചികിത്സകളും പരസ്യപ്പെടുത്തുമ്പോൾ അവയുടെ അപകടസാധ്യതകളും പാർശ്വഫലങ്ങളും വ്യക്തമാക്കണമെന്നും നിർദേശമുണ്ട്.
പരസ്യങ്ങളിലെ വിവരങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായിരിക്കണം. രോഗികളിൽ ഭയമുണ്ടാക്കിയോ തെറ്റായ പ്രതീക്ഷ നൽകിയോ ചികിത്സയ്ക്ക് പ്രേരിപ്പിക്കരുത്. അതേസമയം സ്ഥാപനത്തിന്റെ പ്രവർത്തന സമയം, ഫോൺ നമ്പർ, അംഗീകൃത യോഗ്യതകൾ, സുരക്ഷാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വിവരങ്ങൾ പങ്കുവെക്കുന്നതിന് തടസ്സമില്ലെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.