മഞ്ഞ ബോക്സിൽ വാഹനം നിർത്തരുത്; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
റോഡുകളിലെ ജങ്ഷനുകളിൽ അടയാളപ്പെടുത്തിയിരിക്കുന്ന മഞ്ഞ ബോക്സുകൾക്കുള്ളിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി. ജങ്ഷനുകളിൽ വാഹനം നിർത്തുന്നത് മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി പൊലീസ് നടത്തിവരുന്ന സ്മാർട്ട് റോഡ് സേഫ്റ്റി ക്യാംപയിന്റെ ഭാഗമായാണ് ഈ നിർദേശം പുറപ്പെടുവിച്ചത്.
ജങ്ഷനുകളിൽ തങ്ങൾ കടന്നുപോകേണ്ട ദിശയിലെ റോഡ് പൂർണ്ണമായും ഒഴിവ് ആണെന്ന് ഉറപ്പാണെങ്കിൽ മാത്രമേ മഞ്ഞ ബോക്സിലേക്ക് വാഹനം പ്രവേശിപ്പിക്കാവൂ എന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡ്രൈവർമാരെ ഉപദേശിച്ചു. മുൻപിലുള്ള വാഹനം നീങ്ങുന്നത് അനുസരിച്ച് മാത്രം മുന്നോട്ട് എടുക്കുക എന്നതാണ് പ്രധാനം. ഗതാഗത നിയമങ്ങളും റോഡ് മര്യാദകളും പാലിക്കുന്നത് സുഗമമായ ഗതാഗത ഒഴുക്കിന് സഹായിക്കുമെന്നും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മഞ്ഞ ബോക്സിൽ വാഹനം നിർത്തുന്നത് ഗുരുതരമായ ട്രാഫിക് നിയമലംഘനമായാണ് കണക്കാക്കുന്നത്. അത്യാധുനിക ട്രാഫിക് നിരീക്ഷണ ക്യാമറകൾ വഴിയും പ്രത്യേക പെട്രോളിങ് സംഘങ്ങളെ നിയോഗിച്ചുമാണ് ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നത്. യുഎഇ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം ഈ നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അബുദാബി പൊലീസ് ഓർമ്മിപ്പിച്ചു.