താമസമേഖലകളിൽ ബാച്ചിലർമാർക്ക് അനധികൃത താമസസൗകര്യം ഒരുക്കരുത്; കര്‍ശന മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ
കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ തൊഴിലാളികൾക്കും ബാച്ചിലർമാർക്കും അനധികൃതമായി താമസസൗകര്യം ഒരുക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ രംഗത്ത്. കെട്ടിട ഉടമകളും വാടകയ്ക്ക് നൽകുന്നവരും തൊഴിലുടമകളും നഗരസഭാ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
മസ്‌കത്ത് ഗവർണറേറ്റിലെ കെട്ടിടങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന പ്രാദേശിക ഉത്തരവ് പ്രകാരം, റസിഡൻഷ്യൽ മേഖലകളിലും റെസിഡൻഷ്യൽ-കമേഴ്സ്യൽ മേഖലകളിലും തൊഴിലാളികൾക്കും അവിവാഹിതരായ പുരുഷന്മാർക്കും താമസിക്കാൻ കെട്ടിടങ്ങളോ സമുച്ചയങ്ങളോ അനുവദനീയമല്ല. ഒരേ കെട്ടിടത്തിൽ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും ഒരുമിച്ച് താമസസൗകര്യം നൽകുന്നതും ചട്ടവിരുദ്ധമാണ്.
ഇത്തരം അനധികൃത സംവിധാനങ്ങൾ പ്രദേശത്ത് ഗതാഗതക്കുരുക്കിനും ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങൾക്കും പൊതുസേവന സംവിധാനങ്ങളുടെ തകരാറിനും കാരണമാകുമെന്ന് നഗരസഭ വ്യക്തമാക്കി. കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് മുമ്പ് അതിന്റെ അംഗീകൃത ഉപയോഗവിഭാഗം ഉടമകൾ പരിശോധിക്കണമെന്നും, തൊഴിലാളികൾക്കായി നിശ്ചിത സ്ഥലങ്ങളിൽ സുരക്ഷിതമായ താമസസൗകര്യം ഒരുക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.