ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയിൽ പ്രഫഷനൽ അക്കൗണ്ടും പേഴ്സനൽ അക്കൗണ്ടും വേണം: ദുബായ് ഹെൽത്ത് അതോറിറ്റി
ദുബായിലെ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയിൽ പ്രഫഷനൽ, പേഴ്സനൽ അക്കൗണ്ടുകൾ വെവ്വേറെ ഉണ്ടായിരിക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA) നിർദേശം. പേഴ്സനൽ അക്കൗണ്ടുകൾ വഴി രോഗികളുമായി ആശയവിനിമയം നടത്താൻ പാടില്ലെന്നും ഡി.എച്ച്.എ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയുള്ള ആരോഗ്യസേവനങ്ങൾ നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാനദണ്ഡങ്ങൾ.
ഡി.എച്ച്.എ ലൈസൻസിൽ രേഖപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക പേര്, തസ്തിക, യോഗ്യത, സ്പെഷാലിറ്റി എന്നിവ മാത്രമേ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉപയോഗിക്കാവൂ. ലൈസൻസിൽ ഇല്ലാത്ത കോസ്മെറ്റിക് അല്ലെങ്കിൽ ബ്യൂട്ടി എക്സ്പർട്ട് തുടങ്ങിയ പദവികൾ ഉപയോഗിക്കാൻ പാടില്ല. അംഗീകൃത മെഡിക്കൽ ബിരുദമുള്ളവർക്കും പിഎച്ച്.ഡി ഉള്ളവർക്കും മാത്രമേ 'ഡോക്ടർ' എന്ന വിശേഷണം ഉപയോഗിക്കാൻ അനുവാദമുള്ളൂ.
രോഗികളുടെ വിവരങ്ങളുടെയും ചിത്രങ്ങളുടെയും സ്വകാര്യത പൂർണമായി സംരക്ഷിക്കപ്പെടണം. ചിത്രങ്ങളോ വിവരങ്ങളോ പങ്കുവെക്കുന്നതിന് മുൻപ് രോഗിയുടെയോ, 18 വയസ്സിൽ താഴെയുള്ള കുട്ടികളാണെങ്കിൽ രക്ഷിതാക്കളുടെയോ രേഖാമൂലമുള്ള അനുമതി വാങ്ങണം. ദുബായിൽ താൽക്കാലിക സേവനത്തിനെത്തുന്ന സന്ദർശക ഡോക്ടർമാർക്കും ഈ നിയമങ്ങൾ ബാധകമാണ്.