ഗാർഹിക തൊഴിലാളി സ്പോൺസർഷിപ്പ് ട്രാൻസ്ഫർ ഇനി 'സഹൽ' ആപ്പ് വഴി; പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത്

 

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെയും ഡ്രൈവർമാരുടെയും സ്പോൺസർഷിപ്പ് മാറ്റം ഇനി മുതൽ ഔദ്യോഗിക ഡിജിറ്റൽ ആപ്ലിക്കേഷനായ 'സഹൽ' വഴി പൂർത്തിയാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാരിന്റെ ഡിജിറ്റൽ സേവന വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ ഓൺലൈൻ സേവനം നിലവിൽ വരുന്നതോടെ സർക്കാർ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ സ്പോൺസർഷിപ്പ് മാറ്റ നടപടികൾ വളരെ വേഗത്തിലും ലളിതമായും പൂർത്തിയാക്കാൻ സാധിക്കും.

ഇതിനോടൊപ്പം ഓരോ വിഭാഗത്തിനും സ്പോൺസർ ചെയ്യാവുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച പുതുക്കിയ നിബന്ധനകളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം അവിവാഹിതനായ ഒരു പുരുഷന് ഒരു ഡ്രൈവറെ മാത്രമേ സ്പോൺസർ ചെയ്യാൻ സാധിക്കൂ. എന്നാൽ അവിവാഹിതയായ ഒരു സ്ത്രീക്ക് ഒരു ഡ്രൈവറെയും ഒരു വീട്ടുജോലിക്കാരിയെയും സ്പോൺസർ ചെയ്യാൻ അനുമതിയുണ്ട്.

വിവാഹിതരും വിവാഹമോചിതരും വിധവകളുമായ സ്വദേശി പൗരന്മാർക്ക് ഒരു ഡ്രൈവറെയും പരമാവധി മൂന്ന് വീട്ടുജോലിക്കാരെ വരെയും സ്പോൺസർ ചെയ്യാവുന്നതാണ്. കുട്ടികളുള്ള സ്വദേശി വനിതകൾക്കാകട്ടെ ഒരു ഡ്രൈവറെയും ഒരു വീട്ടുജോലിക്കാരിയെയും സ്പോൺസർ ചെയ്യാൻ പുതിയ നിയമം അനുവാദം നൽകുന്നുണ്ട്.