ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ബാങ്ക് വഴി; നിയമം പൂർണ്ണമായും പ്രാബല്യത്തിൽ

 

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴിയോ ഡിജിറ്റൽ വാലറ്റുകൾ വഴിയോ നൽകുന്നത് നിർബന്ധമാക്കുന്ന നിയമം പൂർണ്ണമായും പ്രാബല്യത്തിലായി. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം 2025-ൽ ആരംഭിച്ച പദ്ധതിയുടെ അവസാന ഘട്ടം ജനുവരി ഒന്ന് മുതലാണ് നടപ്പിലായത്. ഇതോടെ രാജ്യത്തെ എല്ലാ ഗാർഹിക തൊഴിലാളികൾക്കും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ അല്ലാതെ ശമ്പളം നൽകുന്നത് നിയമവിരുദ്ധമായി മാറി. മുൻപ് ഘട്ടംഘട്ടമായി നടപ്പിലാക്കിയ ഈ നിയമം ഇപ്പോൾ എല്ലാ തൊഴിലുടമകൾക്കും ഒരുപോലെ ബാധകമാണ്.

തൊഴിലുടമകളും ഗാർഹിക തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ഈ പരിഷ്കാരം ലക്ഷ്യമിടുന്നത്. മുസാനിദ് പ്ലാറ്റ്‌ഫോം അംഗീകരിച്ച ബാങ്കുകൾ വഴിയോ ഡിജിറ്റൽ വാലറ്റുകൾ വഴിയോ മാത്രമേ ഇനി വേതനം നൽകാൻ പാടുള്ളൂ. തൊഴിലാളിയുടെ ഇഖാമ നമ്പറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് എളുപ്പത്തിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ബാങ്കിംഗിലെ 'ഗാർഹിക തൊഴിലാളി ശമ്പള കൈമാറ്റം' എന്ന സേവനം വഴി തൊഴിലുടമകൾക്ക് വേതനം കൃത്യമായി കൈമാറാൻ സാധിക്കും.

ഈ പുതിയ സംവിധാനം തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ ഗുണകരമാണ്. ശമ്പളം നൽകിയതിന് കൃത്യമായ ഡിജിറ്റൽ രേഖകൾ ഉണ്ടാവുന്നത് ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കൂടാതെ കരാർ അവസാനിക്കുമ്പോഴുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും തൊഴിലാളികൾക്ക് സുരക്ഷിതമായി നാട്ടിലേക്ക് പണം അയക്കാനും ഈ സംവിധാനം വഴിയൊരുക്കുന്നു. വിഷൻ 2030-ന്റെ ഭാഗമായി തൊഴിൽ വിപണിയിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള നീക്കമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.