അംഗീകൃത ഏജൻസികൾ വഴിയല്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കരുത്: യു.എ.ഇ മന്ത്രാലയം
അംഗീകാരമില്ലാത്ത ഏജൻസികളോ വ്യക്തികളോ വഴി ഗാർഹിക തൊഴിലാളികളെ നിയമിക്കരുതെന്ന് തൊഴിലുടമകൾക്ക് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി മാത്രമേ നിയമനം നടത്താവൂ. നിയമവിരുദ്ധ ഏജൻസികളെ ആശ്രയിക്കുന്നത് സാമ്പത്തിക, സുരക്ഷാ, ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അത്തരം കേസുകളിൽ നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
അംഗീകൃത ഓഫീസുകൾ വഴി നിയമിക്കുമ്പോൾ നിർദിഷ്ട നിരക്കുകൾ, പരിശീലനം ലഭിച്ച തൊഴിലാളികൾ, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവ ലഭിക്കും. ആദ്യ ആറ് മാസത്തിനുള്ളിൽ തൊഴിലാളി ജോലി ഉപേക്ഷിക്കുകയോ അയോഗ്യരാവുകയോ ചെയ്താൽ റിക്രൂട്ട്‌മെന്റ് ചെലവ് തിരികെ ലഭിക്കാനോ പകരം തൊഴിലാളിയെ ലഭിക്കാനോ അവകാശമുണ്ട്. മണിക്കൂർ, ദിവസം അല്ലെങ്കിൽ മാസ അടിസ്ഥാനത്തിലുള്ള ഫ്ലെക്സിബിൾ പാക്കേജുകളും അംഗീകൃത കേന്ദ്രങ്ങൾ വഴി ലഭ്യമാണ്.