ലൈസൻസില്ലാതെ വാഹനമോടിക്കരുത്; കടുത്ത മുന്നറിയിപ്പുമായി അജ്മാൻ പോലീസ്
ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അജ്മാൻ പോലീസ്. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾ തടയുന്നതിനായി വിപുലമായ ബോധവൽക്കരണ കാമ്പയിനും അജ്മാൻ പോലീസ് തുടക്കം കുറിച്ചിട്ടുണ്ട്.
റോഡപകടങ്ങൾ കുറയ്ക്കാനും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ ബോധവൽക്കരണ നീക്കമെന്ന് അജ്മാൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി വ്യക്തമാക്കി. ഡ്രൈവർമാർ തങ്ങളുടെ ലൈസൻസ് സാധുതയുള്ളതാണെന്ന് ഉറപ്പുവരുത്തണം. കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ലൈസൻസുകൾ പുതുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്യാമ്പയിനിലൂടെ വിശദീകരിക്കുന്നുണ്ട്.
ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും അതിലൂടെയുണ്ടാകുന്ന നിയമപരമായ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന മുന്നറിയിപ്പുകൾ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രചരിപ്പിക്കും. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിക്കണമെന്നും ലൈസൻസില്ലാത്ത വ്യക്തികൾക്ക് വാഹനം ഓടിക്കാൻ നൽകരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.