‘തുർക്കിക്ക് എഫ്-35 നൽകരുത്, അവർ അമേരിക്കയെ വെറുക്കുന്നവർ’; ട്രംപിന്റെ നീക്കത്തിനെതിരെ നെതന്യാഹു
തുർക്കിക്ക് എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരെ കടുത്ത വിയോജിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അത്യാധുനിക പോർവിമാനങ്ങൾ നൽകിയതുകൊണ്ട് മാത്രം തുർക്കി അമേരിക്കയുടെ സൗഹൃദ രാജ്യമാകില്ലെന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഭരണം മുസ്ലീം ബ്രദർഹുഡ് ചിന്താഗതിയിലുള്ളതാണെന്നും അവർ അമേരിക്കയെ വെറുക്കുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു.
ഇസ്രയേലിനെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവർക്ക് ഇത്തരം അത്യാധുനിക ആയുധങ്ങൾ നൽകുന്നത് മിഡിൽ ഈസ്റ്റിലെ സൈനിക സന്തുലിതാവസ്ഥ തകർക്കുമെന്നും വൻ അക്രമങ്ങൾക്ക് വഴിവെക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. നിലവിൽ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ, തുർക്കിക്കുമേലുള്ള സിഎഎടിഎസ്എ (CAATSA) ഉപരോധങ്ങൾ നീക്കുമെന്നും എഫ്-35 പദ്ധതിയിലേക്ക് തിരികെ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 വാങ്ങിയതിനെ തുടർന്നായിരുന്നു 2019-ൽ തുർക്കിയെ എഫ്-35 പദ്ധതിയിൽ നിന്ന് യുഎസ് പുറത്താക്കിയത്.
അതേസമയം, ട്രംപുമായുള്ള തന്റെ വ്യക്തിബന്ധത്തെക്കുറിച്ചും ഇറാൻ വെടിനിർത്തൽ കരാറിനെക്കുറിച്ചും നെതന്യാഹു അഭിമുഖത്തിൽ സംസാരിച്ചു. ചില കാര്യങ്ങളിൽ തങ്ങൾക്കിടയിൽ ഭിന്നതകളുണ്ടെങ്കിലും ഭൂരിഭാഗം തന്ത്രപ്രധാന വിഷയങ്ങളിലും ഒരേ നിലപാടാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതി ചർച്ചകളിലൂടെ അവസാനിപ്പിക്കാനാകുമെന്ന ട്രംപിന്റെ വിശ്വാസത്തിൽ തനിക്ക് സംശയമുണ്ടെങ്കിലും, അതിനായി ട്രംപിന് ഒരു അവസരം നൽകണമെന്നാണ് തന്റെ നിലപാടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.