വ്യാജ ലിങ്കുകള്‍ തുറക്കരുത്; ജാഗ്രത വേണമെന്ന് അബൂദബി പൊലീസ്
ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളിലും സോഷ്യല്‍ മീഡിയയിലും കാണുന്ന വ്യാജ ലിങ്കുകള്‍, പരസ്യങ്ങള്‍ എന്നിവ വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ്. ഉപഭോക്താക്കളെ വ്യാജ വെബ്സൈറ്റുകളിലേക്ക് ആകര്‍ഷിച്ച് വ്യക്തിഗത-ബാങ്ക് വിവരങ്ങള്‍ ചോര്‍ത്താനാണ് തട്ടിപ്പുകാര്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത്. പൊലീസും അബൂദബി കസ്റ്റംസും സംയുക്തമായി നടത്തുന്ന 'പ്രോആക്ടിവ് സെക്യൂരിറ്റി' കാമ്പയിന്‍റെ ഭാഗമായാണ് ഈ ജാഗ്രതാ നിര്‍ദേശം. വിലക്കുറവില്‍ വിസ സര്‍വീസുകള്‍, കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങള്‍, ടൂര്‍ പാക്കേജുകള്‍, വിനോദ പരിപാടികളുടെ ടിക്കറ്റുകള്‍, റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതീവ ജാഗ്രത വേണം. കൂടാതെ വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ്, പാഴ്സല്‍ ട്രാക്കിങ്, നിക്ഷേപ പദ്ധതികള്‍ എന്നിവ വഴിയും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.
യഥാർഥമെന്ന് തോന്നിക്കുന്ന ചിത്രങ്ങളും വിവരങ്ങളുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. അതിനാല്‍ പണം കൈമാറുന്നതിന് മുമ്പ് പരസ്യങ്ങളുടെ ഉറവിടം പരിശോധിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡ്, എ.ടി.എം പിന്‍, സി.വി.വി കോഡ് തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്. ഔദ്യോഗികവും സര്‍ക്കാര്‍ അംഗീകൃതവുമായ പ്ലാറ്റ്ഫോമുകള്‍ മാത്രം ഇടപാടുകള്‍ക്കായി ഉപയോഗിക്കുക. തട്ടിപ്പ് ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അമാന്‍ സര്‍വീസ് (Aman Service) വഴിയോ അബൂദബി പൊലീസ് സ്മാര്‍ട്ട് ആപ്പ് വഴിയോ പരാതിപ്പെടാം. 8002626 എന്ന ടോള്‍ ഫ്രീ നമ്പറിലോ, 2828 എന്ന നമ്പറിലേക്ക് എസ്.എം.എസ് വഴിയോ, aman@adpolice.gov.ae എന്ന ഇമെയില്‍ വഴിയോ വിവരങ്ങള്‍ കൈമാറാം.