അമിതവില ഈടാക്കരുത്; കുവൈത്തിൽ പരിശോധന കർശനമാക്കി വാണിജ്യ മന്ത്രാലയം
വിപണിയിൽ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കി. ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 36 നിയമലംഘനങ്ങൾ കണ്ടെത്തി. ഭക്ഷ്യവസ്തുക്കൾക്ക് സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുക, ഉൽപ്പന്നങ്ങളിൽ വില പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് പ്രധാനമായും കണ്ടെത്തിയത്. മന്ത്രാലയത്തിന്റെ പ്രത്യേക ഇൻസ്‌പെക്ഷൻ ടീമുകൾ വിവിധ വാണിജ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് നടപടികൾ സ്വീകരിച്ചത്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം കൃത്യമായ ഇൻവോയ്സുകൾ നൽകാതിരിക്കുക, ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച രാജ്യം വ്യക്തമാക്കാതിരിക്കുക, ലൈസൻസ് നിബന്ധനകൾക്ക് വിരുദ്ധമായി ബിസിനസ്സ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളും പരിശോധനയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിപണിയിലെ കൃത്രിമങ്ങൾ തടയാൻ വരും ദിവസങ്ങളിലും പരിശോധന തുടരും.
ഉപഭോക്താക്കൾക്ക് തങ്ങൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചോ വിലക്കയറ്റത്തെക്കുറിച്ചോ പരാതിപ്പെടാൻ മന്ത്രാലയം പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ സുതാര്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശനമായ നിരീക്ഷണമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.