റോഡിന് നടുവിൽ വാഹനം നിർത്തരുത്; ദുബായിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

 

അൽ ഖൈൽ റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. അബുദാബി ഭാഗത്തേക്കുള്ള പാതയിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വീണ്ടെടുക്കുന്നതിനായി ഡ്രൈവർ റോഡിന് നടുവിൽ പെട്ടെന്ന് വാഹനം നിർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ദുബായ് പോലീസ് അറിയിച്ചു.

റോഡിന് നടുവിൽ നിന്ന വ്യക്തിയെ പിന്നാലെ വന്ന വാഹനം ഇടിക്കുകയും തുടർന്ന് മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായും മറ്റ് രണ്ട് പേർക്ക് സാരമല്ലാത്ത രീതിയിലും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

യാതൊരു കാരണവശാലും റോഡിന് നടുവിൽ വാഹനം നിർത്തരുതെന്ന് ദുബായ് പോലീസ് കർശന മുന്നറിയിപ്പ് നൽകി. ഇന്ധനം തീരുകയോ ടയർ പഞ്ചറാവുകയോ ചെയ്താലും വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം. റോഡിന് നടുവിൽ വാഹനം നിർത്തുന്നത് 1000 ദിർഹം പിഴയ്ക്കും 6 ട്രാഫിക് പോയിന്റുകൾക്കും കാരണമാകും. കൂടാതെ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിന് 500 ദിർഹം പ്രത്യേക പിഴയും ഈടാക്കും.

വാഹനം കേടിലായാൽ എന്തുചെയ്യണം?

റോഡിൽ വെച്ച് വാഹനം പെട്ടെന്ന് കേടാവുകയും മാറ്റാൻ കഴിയാതെ വരികയും ചെയ്താൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണം. താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാനും ദുബായ് പോലീസ് നിർദ്ദേശിച്ചു:

  • ഹസാർഡ് ലൈറ്റുകൾ (Hazard Warning Lights) പ്രവർത്തിപ്പിക്കുക.
  • യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി റോഡിൽ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് നിൽക്കുക.
  • സാധിക്കുമെങ്കിൽ വാഹനത്തിന് പിന്നിൽ കൃത്യമായ അകലത്തിൽ വാണിംഗ് ട്രയാംഗിൾ വെക്കുക.
  • ഉടൻ തന്നെ പോലീസിനെ വിളിച്ച് സഹായം തേടുക.