സോഷ്യൽ മീഡിയ ലിങ്കുകൾ വിശ്വസിക്കരുത്; ട്രാഫിക് പിഴകളുടെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകമെന്ന് മുന്നറിയിപ്പ്

 

ഔദ്യോഗിക സംവിധാനങ്ങളെ അനുകരിച്ച് ട്രാഫിക് പിഴകളുടെ പേരിൽ നടക്കുന്ന വ്യാപകമായ സൈബർ തട്ടിപ്പുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി. സർക്കാർ വെബ്‌സൈറ്റുകളുടെ അതേ രൂപത്തിലുള്ള വ്യാജ സൈറ്റുകൾ നിർമ്മിച്ച് പിഴ അടയ്ക്കാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്.

ട്രാഫിക് പിഴകൾ അടയ്ക്കുന്നത് സുഗമമാക്കാമെന്നും സമയപരിധി സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുമെന്നും അവകാശപ്പെട്ട് സോഷ്യൽ മീഡിയ വഴിയും മറ്റും ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരം ലിങ്കുകൾക്ക് ഔദ്യോഗിക സ്ഥാപനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ഇവ പണം തട്ടാനുള്ള കെണികളാണെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ, സർക്കാരിന്റെ ‘സഹൽ’ (Sahel) ആപ്പ് എന്നിവയിലൂടെ മാത്രമേ ട്രാഫിക് പിഴകൾ നിയമപരമായി അടയ്ക്കാൻ കഴിയൂ എന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

സ്ഥിരീകരിക്കാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. സൈബർ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി കുവൈത്ത് സെൻട്രൽ ബാങ്കും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ ഇലക്ട്രോണിക് തട്ടിപ്പുകൾ ആഭ്യന്തര മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ അവ അവഗണിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.