‘ഡോക്ടർ ട്രംപിൻ്റെ ടിഡിഎസ് ചികിത്സ’; വിമർശകരെ പരിഹസിച്ച് യു.എസ്. പ്രസിഡൻ്റിൻ്റെ എഐ വീഡിയോ

 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്കെതിരെയുള്ള വിമർശകരെ ട്രോളിക്കൊണ്ട് പങ്കുവെച്ച പുതിയ എഐ വീഡിയോ മാധ്യമശ്രദ്ധ നേടുന്നു. ട്രംപിനെ എതിർക്കുന്നവർ കടുത്ത മാനസികാവസ്ഥയിലാണെന്നും അവർക്ക് ചികിത്സ നൽകുന്ന ഡോക്ടറായി ട്രംപ് തന്നെ രംഗത്തെത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ പങ്കുവെച്ച ഈ വീഡിയോ പിന്നീട് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാൻ സ്കാവിനോ ജൂനിയർ എക്സ് പ്ലാറ്റ്‌ഫോമിലും പോസ്റ്റ് ചെയ്യുകയായിരുന്നു.

തങ്ങളെ എതിർക്കുന്നവരെ പരിഹസിക്കാൻ ട്രംപ് അനുകൂലികൾ സാധാരണയായി ഉപയോഗിക്കുന്ന 'ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം' (TDS) എന്ന പ്രയോഗത്തെ ആസ്പദമാക്കിയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഒരു മെഡിക്കൽ പരസ്യത്തിന്റെ മാതൃകയിലുള്ള ദൃശ്യങ്ങളിൽ ‘ഡൊണാൾഡ് ജെ ട്രംപ്, എം.ഡി’ എന്ന് എഴുതിയ ലാബ് കോട്ടും സ്റ്റെതസ്‌കോപ്പും ധരിച്ചാണ് അമേരിക്കൻ പ്രസിഡന്റ് പ്രത്യക്ഷപ്പെടുന്നത്. ടിഡിഎസ് രോഗലക്ഷണങ്ങൾ കഠിനമാണെന്നും എന്നാൽ ഡോക്ടർ ട്രംപിന്റെ പക്കൽ അതിനുള്ള കൃത്യമായ ചികിത്സാ പദ്ധതിയുണ്ടെന്നും വീഡിയോയിലൂടെ അദ്ദേഹം അവകാശപ്പെടുന്നു.

റോസി ഒഡൊണൽ, വൂപ്പി ഗോൾഡ്ബെർഗ്, റോബർട്ട് ഡി നീറോ, ജൂലിയ റോബർട്ട്സ് ഉൾപ്പെടെയുള്ള പ്രമുഖ ഹോളിവുഡ് താരങ്ങളെയാണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇതിൽ രോഗികളായി ചിത്രീകരിച്ചിരിക്കുന്നത്. ഇവരിൽ പലരുടെയും അവസ്ഥ അത്രത്തോളം വഷളായതിനാൽ സുഖപ്പെടുത്താൻ കഴിയുമോ എന്ന് സംശയമാണെന്നും ട്രംപ് പരിഹസിക്കുന്നു. വ്യാജ വാർത്തകൾ കാണുന്നത് നിർത്തുക, പ്രാർത്ഥിക്കുക, ഉത്കണ്ഠ തോന്നുമ്പോൾ ഡയറ്റ് കോക്ക് കുടിക്കുക എന്നിവയാണ് ഈ രോഗത്തിന് ഡോക്ടർ ട്രംപ് നിർദ്ദേശിക്കുന്ന പ്രധാന പ്രതിവിധികൾ. മുൻപും യേശുക്രിസ്തുവിനോട് ഉപമിക്കുന്ന രീതിയിലുള്ള എഐ ചിത്രങ്ങൾ പങ്കുവെച്ച് ട്രംപ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.