ദുബൈയിൽ ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ ഓടിത്തുടങ്ങി; ബ്ലൂവാട്ടേഴ്‌സിൽ പരീക്ഷണയോട്ടത്തിന് തുടക്കം

 

ദുബൈയിലെ പൊതുഗതാഗത രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകളുടെ പരീക്ഷണയോട്ടം ആരംഭിച്ചു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ബ്ലൂവാട്ടേഴ്‌സിലാണ് ഈ അത്യാധുനിക യാത്രാ സംവിധാനം അവതരിപ്പിച്ചത്. ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ ആദ്യ സർവീസിൽ നേരിട്ട് യാത്ര ചെയ്ത് പദ്ധതിയുടെ പരീക്ഷണത്തിന് തുടക്കം കുറിച്ചു.

നാല് മുതൽ ആറ് പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഈ പോഡുകൾക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ബാറ്ററിയാണ് ഇതിലുള്ളത്. യാത്രാക്കാരുടെ ആവശ്യാനുസരണം 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം.

20 ലിഡാർ (LiDAR) സെൻസറുകൾ, റഡാറുകൾ, എച്ച്.ഡി ക്യാമറകൾ എന്നിവയുടെ സഹായത്തോടെയാണ് ഇതിന്റെ സുരക്ഷിതമായ പ്രവർത്തനം. നാലാഴ്ചത്തെ പരീക്ഷണത്തിനു ശേഷം ദുബൈയുടെ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്.