ദുബൈയിൽ ഡ്രൈവറില്ലാ 'റോബോടാക്‌സി' 40 ലക്ഷത്തിലേറെ കിലോമീറ്ററുകൾ പിന്നിട്ടു

 

ദുബൈയിൽ ആർടിഎയുടെ ഡ്രൈവറില്ലാ 'റോബോടാക്‌സി' സേവനം വൻ വിജയത്തിലേക്ക്. ഇതിനകം 40 ലക്ഷത്തിലേറെ കിലോമീറ്ററുകൾ പൂർത്തിയാക്കിയ വാഹനങ്ങൾ 7,613 സർവീസുകൾ നടത്തിക്കഴിഞ്ഞു. ഫ്ലീറ്റിലെ 144 വാഹനങ്ങളിൽ 48 എണ്ണം നിലവിൽ സജീവമായി സർവീസ് നടത്തുന്നുണ്ട്. പദ്ധതിയുടെ ഉപഭോക്തൃ സംതൃപ്തി 97 ശതമാനത്തിലെത്തിയത് സ്വയംനിയന്ത്രിത വാഹനങ്ങളിലുള്ള വർദ്ധിച്ചുവരുന്ന ജനവിശ്വാസമാണ് വ്യക്തമാക്കുന്നതെന്ന് ആർടിഎ സിഇഒ അഹമ്മദ് ബഹ്‌റൂസിയാൻ ചൂണ്ടിക്കാട്ടി.

2030-ഓടെ നഗരത്തിലെ ആകെ ഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും മുൻഗണന നൽകിയാണ് പദ്ധതി വിപുലീകരിക്കുന്നത്. ബൈഡൂവിന്റെ 'അപ്പോളോ ഗോ', വീറൈഡ്, പോണി.എഐ എന്നിവരുമായി സഹകരിച്ചാണ് ആർടിഎ പദ്ധതി നടപ്പിലാക്കുന്നത്. അപ്പോളോ ഗോയുടെ വാഹനങ്ങൾ ഊബര്‍' വഴി ബുക്ക് ചെയ്യാൻ സാധിക്കും. ന്യൂ ഹൊറൈസൺ ലക്ഷ്വറി ട്രാൻസ്‌പോർട്ടിനാണ് ഇതിന്റെ പ്രവർത്തനച്ചുമതല.

2026-ന്റെ ആദ്യ പകുതിയിൽ 34.8 കോടി ആളുകളാണ് ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. പ്രതിദിനം ശരാശരി 19 ലക്ഷം യാത്രക്കാരുള്ള നഗരത്തിൽ കൂടുതൽ മേഖലകളിലേക്ക് റോബോടാക്സി സേവനം വിപുലീകരിക്കാനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്.