അബൂദബി യാസ് ഐലന്റിൽ ഡ്രൈവറില്ലാ ടാക്സി സർവീസ്; ഗതാഗത രംഗത്ത് വൻ വിപ്ലവം
എമിറേറ്റിലുടനീളം സുസ്ഥിരവും ആധുനികവുമായ ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി യാസ് ഐലന്റിൽ ഡ്രൈവറില്ലാ ടാക്സി സർവീസുകൾ വ്യാപിപ്പിച്ചു. അബൂദബി സംയോജിത ഗതാഗത കേന്ദ്രമാണ് (Integrated Transport Centre) ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റം കൗൺസിലിന്റെ മേൽനോട്ടത്തിൽ ലെവൽ 4 വിഭാഗത്തിൽപ്പെട്ട ഡ്രൈവറില്ലാ ടാക്സികളാണ് നിരത്തിലിറങ്ങുന്നത്.
പ്രാദേശിക ഓപ്പറേറ്ററായ 'ഓട്ടോഗോ' (AutoGo), അന്താരാഷ്ട്ര കമ്പനിയായ ബൈഡുവിന്റെ അനുബന്ധ സ്ഥാപനമായ 'അപ്പോളോ ഗോ' (Apollo Go) എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. യാസ് ഐലന്റിന് പിന്നാലെ അൽ റീം ഐലന്റ്, അൽ മറിയ ഐലന്റ്, അൽ സാദിയാത്ത് ഐലന്റ് എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്. യാത്രക്കാർക്ക് 'ഓട്ടോഗോ' മൊബൈൽ ആപ്പ് വഴി ലളിതമായി യാത്രകൾ ബുക്ക് ചെയ്യാവുന്നതാണ്.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഈ ഡ്രൈവറില്ലാ വാഹനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി പ്രമുഖ കമ്പനിയായ ടെസ്‌ലയും അബൂദബിയിൽ സ്വയം നിയന്ത്രണ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. യു.എ.ഇ കാബിനറ്റിന്റെ ലജിസ്ലേഷൻ ലാബുമായി ഏകോപിപ്പിച്ചാണ് ഈ പരീക്ഷണങ്ങൾ നടക്കുന്നത്. അബൂദബിയുടെ സ്മാർട്ട് മൊബിലിറ്റി മേഖലയിൽ വലിയൊരു നാഴികക്കല്ലായാണ് ഈ പുതിയ വിപുലീകരണത്തെ ഗതാഗത വകുപ്പ് കാണുന്നത്.