ദുബൈയിൽ ഇന്ന് മുതൽ യൂബർ ആപ്പ് വഴി ഡ്രൈവറില്ലാ ടാക്‌സി ബുക്ക് ചെയ്യാം

 

ദുബൈ നിവാസികൾക്ക് ഇന്ന് (ഓഗസ്റ്റ് 20) മുതൽ യൂബർ ആപ്പ് വഴി ഡ്രൈവറില്ലാ ടാക്‌സികൾ ബുക്ക് ചെയ്യാം. ചൈനീസ് ടെക് ഭീമനായ ബൈദുവിന്റെ 'അപ്പോളോ ഗോ' റോബോടാക്സികളാണ് യൂബറുമായി കൈകോർത്ത് ഇന്ന് മുതൽ സർവീസ് ആരംഭിച്ചിരിക്കുന്നത്. ആപ്പിൽ യൂബർ എക്‌സ്, യൂബർ കംഫേർട്ട് എന്നിവ തിരഞ്ഞെടുക്കുമ്പോഴോ അല്ലെങ്കിൽ 'ഓട്ടോണമസ്' എന്ന ഓപ്ഷൻ വഴിയോ ഡ്രൈവറില്ലാ വാഹനം ലഭ്യമാകും. തുടക്കത്തിൽ ജുമൈറ, ഉമ്മു സുഖീം എന്നീ മേഖലകളിലാണ് ഈ സൗകര്യമുള്ളത്.

മൂന്ന് യാത്രക്കാർക്ക് സുഖമായി സഞ്ചരിക്കാവുന്ന അപ്പോളോ ഗോ RT6 എന്ന ആറാം തലമുറ പൂർണ്ണ ഇലക്ട്രിക് വാഹനങ്ങളാണ് സർവീസിനായി ഇറക്കിയിരിക്കുന്നത്. സുരക്ഷിതമായ ഡ്രൈവിങ്ങിനായി മുപ്പതിലധികം അത്യാധുനിക സെൻസറുകളും റിയൽ-ടൈം ഡാറ്റാ പ്രൊസസിങ് സംവിധാനവും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ന്യൂ ഹൊറൈസൺ ലക്ഷ്വറി ട്രാൻസ്‌പോർട്ടുമായി സഹകരിച്ചാണ് യൂബർ ഈ സർവീസ് ഏകോപിപ്പിക്കുന്നത്. ഭാവിയിൽ ദുബൈയുടെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഡ്രൈവറില്ലാ ടാക്സി സേവനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.