‘ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുക’; ബോധവൽക്കരണ കാമ്പയിനുമായി അജ്മാൻ പോലീസ്

 

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടകരമായ ഡ്രൈവിംഗ് രീതികൾ തടയുന്നതിനുമായി ‘ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുക’ എന്ന പേരിൽ അജ്മാൻ പോലീസ് പുതിയ ഗതാഗത ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ഡ്രൈവർമാരിൽ ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ കാമ്പയിൻ ഓഗസ്റ്റ് അവസാനം വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

റോഡിലെ അപകടകരമായ പെരുമാറ്റങ്ങൾ തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിംഗ്, അമിതവേഗത, വാഹനം വട്ടംകറക്കൽ (സ്റ്റണ്ടിംഗ്), പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ, നിയമവിരുദ്ധമായ ഓവർടേക്കിംഗ് എന്നിവ ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇത്തരം നിയമലംഘനങ്ങൾ മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബോധവൽക്കരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ജാഗ്രതാ സന്ദേശങ്ങൾ പ്രചരിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.