മരിച്ചയാളുടെ പേരിലുള്ള വാഹനങ്ങൾ ഓടിച്ചാൽ 900 റിയാൽ പിഴ; സൗദിയിൽ നിയമം കർശനമാകുന്നു

 

മരിച്ച വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ നിയമപരമായ അനുമതിയില്ലാതെ നിരത്തിലിറക്കുന്നത് തടയാൻ കർശന നടപടികളുമായി സൗദി അറേബ്യ. ഉടമസ്ഥാവകാശം മാറ്റുകയോ നിയമപരമായ ഓതറൈസേഷൻ നേടുകയോ ചെയ്യാതെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ 900 റിയാൽ വരെ പിഴ ചുമത്താൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് നിർദ്ദേശിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചുവെക്കാനും പുതിയ നിയമപരിഷ്കാരത്തിൽ വ്യവസ്ഥയുണ്ട്.

നിലവിലെ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 68-ൽ ഭേദഗതി വരുത്തിയാണ് പുതിയ നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് കുറഞ്ഞത് 500 റിയാൽ മുതൽ പരമാവധി 900 റിയാൽ വരെയായിരിക്കും പിഴ. വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ നിയമപരമായി ശരിയാക്കുന്നത് വരെ വാഹനം ട്രാഫിക് വിഭാഗത്തിന്റെ കസ്റ്റഡിയിൽ തുടരും. നിലവിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി ‘ഇസ്തിത്ലാഅ്’ പ്ലാറ്റ്‌ഫോമിൽ സമർപ്പിച്ചിരിക്കുന്ന ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിക്കുന്നതോടെ ഇത് ഔദ്യോഗിക നിയമമായി മാറും.

ജീവിച്ചിരിക്കുന്ന വ്യക്തികളുടെ വാഹനം അനുമതിയില്ലാതെ ഓടിക്കുന്നതിനെതിരെ നിലവിൽ നിയമമുണ്ടെങ്കിലും, മരിച്ചവരുടെ വാഹനങ്ങൾ സംബന്ധിച്ച അവ്യക്തത നീക്കി വ്യക്തമായ നിർവചനം നൽകുകയാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. വാഹന ഉടമ മരണപ്പെട്ടാൽ അനന്തരാവകാശികൾ നിശ്ചിത സമയത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റുകയോ ആവശ്യമായ രേഖകൾ തയ്യാറാക്കുകയോ ചെയ്യണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.