കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൈന്യം
രാജ്യത്ത് വീണ്ടും ആശങ്ക സൃഷ്ടിച്ച് വ്യോമാക്രമണ ശ്രമം. ചൊവ്വാഴ്ച രാത്രി കുവൈത്തിനെ ലക്ഷ്യമിട്ടെത്തിയ ശത്രുതാപരമായ ഡ്രോണുകളെ സൈന്യം വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.
ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തടഞ്ഞതിന്റെ ഭാഗമായാണ് രാജ്യത്ത് സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്നും സൈന്യം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും സേന അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആരംഭിച്ച ആക്രമണത്തിന് പിന്നാലെ കുവൈത്ത് ശക്തമായ സുരക്ഷാ ഭീഷണി നേരിട്ടിരുന്നു. അന്നുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ രാജ്യത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്രമണ ശ്രമമുണ്ടായതോടെ മേഖലയിൽ യുദ്ധസാഹചര്യം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്.