ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

 

ഒമാന്‍ തീരത്ത് സോഹർ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്വരാഗയുടെ പതാകയുള്ള 'എം.ടി. പെട്രോ ഡോൾഫിൻ' (MT Petro Dolphin) എന്ന ടാങ്കറിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ആക്രമണസമയത്ത് കപ്പലിൽ 11 ഇന്ത്യൻ നാവികരാണ് ഉണ്ടായിരുന്നത്.

ക്രൂ അംഗങ്ങളില്‍ ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനാവാൾ വ്യക്തമാക്കി. പ്രാദേശിക കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഇന്ത്യൻ അധികാരികൾ കൃത്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ അറിയിച്ചു. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കിയിട്ടുണ്ട്.