ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ബോട്ട് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആളില്ലാ ബോട്ട് (ഡ്രോൺ ബോട്ട്) ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മസ്‌കറ്റ് തീരത്തുനിന്ന് 52 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് മാർഷൽ ഐലൻഡ്‌സ് പതാക വഹിച്ച 'എംകെഡി വ്യോം' (MKD VYOM) എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.
ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ പ്രധാന എൻജിൻ റൂമിൽ ശക്തമായ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായി. എൻജിൻ റൂമിലുണ്ടായിരുന്ന ഇന്ത്യക്കാരനാണ് മരിച്ചത്. ഏകദേശം 59,463 മെട്രിക് ടൺ ചരക്കുമായി പോവുകയായിരുന്നു കപ്പൽ. പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടെയാണ് അന്താരാഷ്ട്ര ചരക്ക് കപ്പലുകൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ തുടരുന്നത്.
കപ്പലിലുള്ള 21 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്. നാല് ബംഗ്ലാദേശ് സ്വദേശികളും ഒരു യുക്രൈൻ സ്വദേശിയും കപ്പലിലുണ്ട്. മരിച്ച ആളൊഴികെ ബാക്കിയുള്ള ജീവനക്കാരെ പനാമയുടെ പതാകയുള്ള 'എം.വി. സാൻഡ്' (MV SAND) എന്ന വാണിജ്യ കപ്പലിന്റെ സഹായത്തോടെ സുരക്ഷിതമായി ഒഴിപ്പിച്ചു. തകരാർ സംഭവിച്ച കപ്പലിനെ നിരീക്ഷിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനുമായി ഒമാൻ റോയൽ നേവിയുടെ കപ്പൽ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഈ പാതയിലൂടെ കടന്നുപോകുന്ന മറ്റു കപ്പലുകൾക്ക് ഒമാൻ മാരിടൈം അധികൃതർ ജാഗ്രതാനിർദേശം നൽകി.